ഫറോക്ക്: ( www.truevisionnews.com ) ദേശീയപാത ചെറുവണ്ണൂരിൽ ഡീസൽ ടാങ്കർ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. മീഞ്ചന്ത ഫയർ സർവിസിൽ നിന്നെത്തിയ സേനാംഗങ്ങളുടെ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് 1.25 നായിരുന്നു സംഭവം.

ദേശീയപാതയിൽ തിരക്കു കുറഞ്ഞ സമയമായതിനാൽ ടാങ്കർ ലോറി റോഡിനു അരികിലേക്ക് ചേർത്തുനിർത്താൻ കഴിഞ്ഞതും പെട്ടെന്ന് തീ അണക്കാനായതും ദുരന്തം ഒഴിയാൻ സഹായകമായി. കോഴിക്കോട് ഭാഗത്തുനിന്ന് വിവിധ സ്ഥാപനങ്ങളിൽ ഡീസൽ നൽകിയ ശേഷം മണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ കാബിനിൽ നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ, വാഹനത്തിൽ ഉണ്ടായിരുന്ന ഡി.സി.പി എക്സിറ്റിങ്ഗ്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തീ അണക്കുകയായിരുന്നു. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഇ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റസ്ക്യൂ ഓഫിസർ പി.എം. ബിജേഷ്, എഫ്.ആർ.ഒമാരായ പി. ബിനീഷ്, പി. മധു, ടി.വി. ജിജിൻരാജ്, കൽവിൻ റോഡ്രിഗസ്, എൻ. സുഭാഷ്, ഷഫീഖ് അലി, ജയേഷ്, ഹോംഗാർഡ്മാരായ മനോഹരൻ, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
Diesel tanker lorry overturns catches fire Cheruvannur Kozhikode Major disaster averted
